ഉമ്മുൽ ഖുവൈൻ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലുവിൻ്റെ മാൾ ഓഫ് ഉമ്മുൽ ഖുവൈൻ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുല്ലയാണ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സൗദ് അൽ മുല്ലയും മറ്റ് രാജകുടുംബാഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി എം.എ. ഡയറക്ടർ സലീം എം.എ. എന്നിവർ ചേർന്ന് ഉമ്മുൽ ഖുവൈൻ ഭരണാധികാരിയെയും കിരീടാവകാശിയെയും സ്വീകരിച്ചു.ശിലാഫലകം അനാച്ഛാദനം ചെയ്തതിനുശേഷം ഭരണാധികാരിയും കിരീടാവകാശിയും ചെയർമാൻ യൂസഫലിയുടെ കൂടെ മാൾ ചുറ്റികണ്ടു. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ എല്ലാ ജനവിഭാഗങ്ങൾക്കും സംതൃപ്തി നൽകുന്ന പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന മാൾ ഓഫ് യു.എ.ക്യൂ നിർമ്മാണം പൂർത്തിയാക്കിയതിൽ ഭരണാധികാരി ശൈഖ് സൗദ് യൂസഫലിയെ അഭിനന്ദിച്ചു.
തദ്ദേശിയർക്കും മറ്റു നിവാസികൾക്കും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ “മാൾ ഓഫ് യു.എ.ക്യൂ ഉൽഘാടനം നിർവ്വഹിക്കുവാൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുല്ലയും, കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സൗദ് അൽ മുല്ലയും എത്തിയതിൽ അതിയായ സന്തോഷവും അകൈതവമായ നന്ദിയും രേഖപ്പെടുത്തുന്നതായി യൂസഫലി പറഞ്ഞു.
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ലുലു ഗ്രൂപ്പിൻ്റെ സംരഭങ്ങൾ വ്യാപിപ്പിക്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് മാൾ ഓഫ് യു.എ.ക്യൂ നിർമ്മിച്ചത്. യു.എ.ഇ. ഭരണാധികാരികളുടെ ദാർശനിക നേതൃത്വവും വലിയ തോതിലുള്ള ജനപിന്തുണയും ഈ രാജ്യത്ത് ഞങ്ങൾക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും നൽകുന്നുണ്ടെന്ന് യൂസഫലി പറഞ്ഞു.കിംഗ് ഫൈസൽ സ്ട്രീറ്റിൽ പണിത പുതിയ മാളിൽ അന്താരാഷ്ട്ര ബ്രാൻഡുകൾ, ഫുഡ് കോർട്ട്, അഞ്ച് സ്ക്രീൻ മൾട്ടിപ്ലക്സ്, ലുലു എക്സ്ചേഞ്ച്, ബാങ്ക്, വിനോദ കേന്ദ്രമായ ഓറഞ്ച് ഹബ്, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആധുനിക രീതിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റും മാളിൻ്റെ പ്രത്യേകതയാണ്. ഉമ്മുൽ ഖുവൈനിലെ റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച ഷോപ്പിംഗ് മാളായിരിക്കും മാൾ ഓഫ് യു.എ.ക്യൂ.
ശൈഖ് ഹുമൈദ് ബിൻ അഹമ്മദ് അൽ മുല്ല, സാമ്പത്തിക വികസന വകുപ്പിൻ്റെ തലവൻ ശൈഖ് സെയ്ഫ് ബിൻ റാഷിദ് അൽ മുല്ല, ഉമ്മുൽ ഖുവൈൻ എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുല്ല, ടൂറിസം വകുപ്പ് മേധാവി ശൈഖ് മജീദ് ബിൻ സൗദ് അൽ മുല്ല, ധനകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുള്ള ബിൻ സൗദ് റാഷിദ് അൽ മുല്ല, ഉമ്മുൽ ഖുവൈൻ മുൻസിപ്പാലിറ്റി മേധാവി ശൈഖ് അലി ബിൻ സൗദ് ബിൻ റാഷിദ് അൽ മുല്ല, നഗരാസൂത്രണ വകുപ്പ് മേധാവി ശൈഖ് അഹമ്മദ് ബിൻ ഖാലിദ് അൽ മുല്ല എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.