മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
ഇപ്പോൾ എൻസിബി കസ്റ്റഡിയിലുള്ള ആര്യൻഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത 5 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് 2 ലഹരി ഇടപാടുകാരെയും എൻസിബി രാത്രി വൈകി അറസ്റ്റ് ചെയ്തിട്ടുണ്ട്.