
കോഴിക്കോട്: ഷഹബാസ് വധക്കേസ് പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോം പരിസരത്ത് സംഘര്‍ഷാവസ്ഥ. പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്.എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ പുറത്തേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമിനുള്ളില്‍ തന്നെ പരീക്ഷയെഴുതാന്‍ പോലീസ് സൗകര്യമൊരുക്കി.
താമരശ്ശേരി സ്കൂളിലെത്തിച്ച് പ്രതികളെ പരീക്ഷയെഴുതിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. താമരശ്ശേരിയിലേക്കു കൊണ്ടുചെന്നാല്‍ ഒരുകാരണവശാലും പരീക്ഷയെഴുതിക്കാനനുവദിക്കില്ലെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നിലപാടെടുത്തു.
ഈ സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിനടുത്തുള്ള ഏതെങ്കിലും സ്കൂളുകളില്‍ പരീക്ഷയെഴുതിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളുടെ കൂടെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നറിയിച്ച് കെ.എസ്.യു. രംഗത്തെത്തി. രാവിലെ തന്നെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ജുവനൈല്‍ ഹോമിനടുത്തേക്കു പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ യൂത്ത് കോണ്‍ഗ്രസും എം.എസ്.എഫും പ്രതിഷേധവുമായെത്തി.
പ്രവര്‍ത്തകര്‍ ജുവനൈല്‍ ഹോം പരിസരത്തേക്കു കടന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ചോദ്യക്കടലാസും മറ്റു പരീക്ഷാസാമഗ്രികളും ജുവനൈല്‍ ഹോമിലേക്കെത്തിച്ചു.
കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാരോപിച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവര്‍ത്തകര്‍ എത്തിയത്. ‘ഷഹബാസ് എഴുതേണ്ട പരീക്ഷയാണ്. അവനെ ഇല്ലാതാക്കിയിട്ട് ഇവര്‍ പരീക്ഷ എഴുതേണ്ട’ എന്ന് അവര്‍ നിലപാടെടുത്തു.
