തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി നേതാക്കൾ. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിമർശിച്ചു. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് മാറിയിട്ടില്ലെന്നും ആർഷോ മോഡൽ പോലീസിൻ്റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല യൂത്ത് കോൺഗ്രസെന്നും സർക്കാരിനും പോലീസിനും നേരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം.എൽ.എയും വ്യക്തമാക്കി.
ജനാധിപത്യ രീതിയിൽ സമരംചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാര പ്രമത്തത ബാധിച്ചിരിക്കുകയാണ്. പിണറായി ആ യുഷ്കാലം മുഖ്യന്ത്രിയായിരിക്കും എന്നു കരുതരുത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നത്, വി.ഡി. സതീശൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ വീടു വളഞ്ഞ് അറസ്റ്റ് പോലീസിന്റെ ബോധപൂര്‍വമായ പ്രകോപനമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് വ്യക്തമാണ്. പോലീസ് തന്നെ രാഹുലിന്റെ അമ്മയോടുള്‍പ്പടെ പറയുന്നുണ്ട്, മുകളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് ഇങ്ങനെ അറസ്റ്റു ചെയ്യേണ്ടി വന്നതെന്ന്. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് മാറിയിട്ടില്ല. രാഹുൽ കൊലപാതക കേസിലെ പ്രതിയല്ല, തീവ്രവാദിയല്ല, ഒരു തരത്തിലുമുള്ള രാജ്യദ്രോഹ കുറ്റവും നടത്തിയയാളല്ല. വീടിന്റെ അകത്തുകടന്ന് കിടപ്പുമുറിയില്‍ നിന്ന് അറസ്റ്റു ചെയ്തു കൊണ്ടുവരാന്‍ മാത്രം എന്തു കുറ്റമാണ് ചെയ്തത്. ആര്‍ഷോ മോഡല്‍ പോലീസിന്റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല. വാ മോനെ ആര്‍ഷോ എന്നു വിളിക്കുന്ന പോലീസിന്റെ മുഖം കാണേണ്ട, ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
രാഹുൽ തീവ്രവാദിയെന്ന പോലെയായിരുന്നു പോലീസിൻ്റെ പെരുമാറ്റമെന്നും ഇതിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ വന്നിട്ട് തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൻ്റെ അമ്മ പറഞ്ഞു. പോലീസിന്റെ രീതി രാഹുല്‍ എന്തോ ഭീകരവാദിയാണെന്ന പോലെയായിരുന്നു. കാര്യം പറയാന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി. രാഹുല്‍ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ. ഇവര്‍ക്ക് പിടിക്കാനായിരുന്നെങ്കില്‍ ഇന്നലെ കൊല്ലത്തുനിന്ന് തന്നെ പിടിക്കാമായിരുന്നല്ലോ. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റം രാഹുല്‍ ചെയ്തിട്ടില്ല. കന്റോണ്‍മെന്റ് പോലീസിന്റെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് രാഹുല്‍ ഒരാഴ്ച കിടന്നത്. അവിടെ ചെന്ന് എടുത്തോണ്ട് പൊക്കൂടായിരുന്നോ. ഇതിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ വന്നിട്ട് തീരുമാനിക്കും. അഞ്ചര തൊട്ട് ജനലിലും വാതിലും തട്ടുന്നുണ്ട്. കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാന്‍ ഈ ശുഷ്കാന്തിയൊന്നും പോലീസ് കാണിക്കുന്നില്ലല്ലോയെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എന്തും ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമെന്താണവിടെ ഉണ്ടായത്. ഇതാണോ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ സര്‍ക്കാരെടുക്കുന്ന നടപടി. ഇത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ. പിണറായി വിജയനെതിരെ സംസാരിച്ചാല്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം കേരളാ പോലീസിന് ഉണ്ടായിരിക്കുകയാണ്, ചെന്നിത്തല വ്യക്തമാക്കി.
വണ്ടി പെരിയാര്‍ ഇരയുടെ കുടുംബത്തിന് സംരക്ഷണം നല്കാന് പറ്റാത്ത പോലീസാണ് രാഹുല്‍ മാങ്കുട്ടത്തിലിനെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഈ കേസില്‍ ഒന്നാംപ്രതി പ്രതിപക്ഷ നേതാവാണ്. അറസ്റ്റ് പ്രതിപക്ഷ നേതാവിന് കൂടിയുള്ള മുന്നറിയിപ്പാണ്. പ്രതിപക്ഷ സ്വരങ്ങള്‍ അനുവദിക്കില്ലെന്ന പിണറായിയുടെ ധിക്കാരത്തിന്റെ ഫലമാണ് അറസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഫിറോസ് പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ യൂത്ത് ലീഗ് പ്രതിക്ഷേധം രേഖപ്പെടുത്തുന്നു. അറസ്റ്റില്‍ പ്രതിഷേധിക്കും. നാളെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് ഈ കാര്യം തീരുമാനിക്കുമെന്നും ഫിറോസ് അറിയിച്ചു.