തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരായ ഗവർണറുടെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് എസ്എഫ്ഐ. കണ്ണൂർ വി.സി ക്രിമിനലാണെന്നതാണ് ഗവർണറുടെ ഏറ്റവും പുതിയ പരാമർശം. കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ സാരമായി ബാധിക്കുന്നുവെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
കേരള ഗവർണർ തന്റെ ജീവിതത്തിലുടനീളം വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും ഒടുവിൽ ബിജെപി പാളയത്തിൽ ചേരുകയും ആർഎസ്എസ് പറയുന്നത് പോലെ പ്രവർത്തിക്കാൻ തയ്യാറെടുത്ത വ്യക്തിയാണെന്നും എസ്എഫ്ഐ വിമർശിച്ചു.
എസ്എഫ്ഐ പ്രസ്താവനയുടെ പൂർണ്ണരൂപം –
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കണ്ണൂർ വിസി ക്രിമിനൽ ആണെന്നാണ് ഏറ്റവുമൊടുവിൽ ഗവർണർ നടത്തിയ പരാമർശം. കണ്ണൂർ ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിയന്ത്രണങ്ങളില്ലാതെ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. ഗവർണറുടെ ഇത്തരം ഇടപെടലുകൾക്കെതിരെ സിൻഡിക്കേറ്റ് തീരുമാന പ്രകാരം കണ്ണൂർ വിസി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് കണ്ണൂർ വിസിക്കെതിരെ ഇത്തരം പരാമർശം ഗവർണർ നടത്താൻ കാരണം.
അക്കാദമിക് ബിരുദങ്ങൾ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അധ്യാപകനായി വർഷങ്ങൾ ജോലി ചെയ്ത്, സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂർ വിസി. എന്നാൽ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച് ഏറ്റവുമൊടുവിൽ ബിജെപി പാളയത്തിലെത്തി ആർഎസ്എസ് പറയുന്നത് പോലെ പ്രവർത്തിക്കാൻ ഒരുങ്ങുന്ന ആളാണ് കേരള ഗവർണർ. ഇങ്ങനെയുള്ള ഗവർണർ എന്തടിസ്ഥാനത്തിലാണ് കണ്ണൂർ വിസിയെ ക്രിമിനൽ എന്ന് വിളിക്കുന്നത്?
കേരളത്തിലെ സർവകലാശാലകൾ ആർഎസ്എസ് നിയന്ത്രണത്തിലാക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവർണറുടെ നീക്കങ്ങൾ. സർവകലാശാലകളെ തകർക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെ ശക്തമായ വിദ്യാർഥി പ്രതിഷേധം കേരളത്തിലുടനീളം ഉയർത്തിക്കൊണ്ടുവരും. സർവകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ കേരളത്തിലെ വിദ്യാർഥി സമൂഹം അനുവദിക്കില്ല.