തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് (21) കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ചു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത് എന്നാണ് വിവരം. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. പരുക്കേറ്റ മറ്റൊരു വിദ്യാർഥിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി.
തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. കണ്ണൂർ തളിപ്പറമ്പ്, പാലക്കുളങ്ങര സ്വദേശിയാണ് ധീരജ്. കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് എസ്എഫ്ഐ കോളജ് യൂണിറ്റ് നേതാക്കൾ പറഞ്ഞു. ധീരജിനെ കുത്തിയവർ ഓടിരക്ഷപ്പെട്ടു. ചെറുതോണി പൊലീസ് കോളജിലെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.