തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ വാക്കുകൾ പ്രതിഷേധാർഹമാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, എം.എൽ.എ കൂടിയായ സെക്രട്ടറി അഡ്വ:കെ.എം സച്ചിൻ ദേവ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്റിന്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും ഇത്തരം പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നവെന്നും അതിനാൽ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണണെന്നുമായിരുന്നും എഐഎസ്എഫിന്റെ പ്രതികരണം. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശമാണ് വിദ്യാർത്ഥികൾക്ക് ബസുകളില്‍ കൺസഷൻ. അതിനെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോവണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും ആവശ്യപ്പെട്ടു.
ബസ്സുകളിലെ കണ്സഷന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമർശം. പലരും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ രണ്ട് രൂപ കൊടുത്തു പോവുകയെന്നത് നാണക്കേട് ഉണ്ടാക്കുന്നുണ്ട്. ബസ്സുടമകളുടെ വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്സഷനിലുള്ള റേറ്റാണെന്നതില് ന്യായമുണ്ടെന്നും, ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ശരിയാണെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. ‘ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
