മഡ്രിഡ്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്പെയിനില്‍ അറസ്റ്റിലായ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെതിരെ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ്. താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കി. ക്ലബ് പ്രസിഡന്റ് ലിയോപോൾഡോ സിൽവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
കളിക്കളത്തിലും പുറത്തും താരങ്ങള്‍ തമ്മിലുള്ള ബഹുമാനം,മാന്യത, പ്രൊഫഷണൽ പെരുമാറ്റം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനമാണിത്. കാരണം അവർ മെക്സിക്കോയ്ക്കും ലോകത്തിനും മാതൃകയാണ്. അതിനെ ഇല്ലാതാക്കുന്ന ഒരു നടപടിയും തങ്ങൾക്ക് അനുവദിക്കാൻ കഴിയില്ലെന്നും സിൽവ പറഞ്ഞു.
കേസിനെത്തുടർന്ന് ആൽവസ് മെക്സിക്കോയിൽ നിന്ന് സ്പെയിനിലെത്തിയിരുന്നു. വെള്ളിയാഴ്ച ബാഴ്സലോണയിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ ആൽവസിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സ്പാനിഷ് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.