കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെവൻത് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു.
രണ്ട് മലയാളികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്, ബീഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരും പരിക്കേറ്റവും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്.
റോഡിലെ ബൈപ്പാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത തൊഴിലാളികളുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ജോലിക്കാർ സഞ്ചരിച്ച മിനി ബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ആകെ പത്ത് പേരാണ് മിനി ബസിലുണ്ടായിരുന്നത്.
ആറ് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ബിനു, മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.