തിരുവനന്തപുരം: പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന് രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോകാതിരിക്കാന്‍ നിയമപരിരക്ഷ നല്കാന് ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇക്കാര്യം ചര്‍ച്ച ചെയ്യും.
പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിനു പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്കാ റൂട്സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.