മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. സെലക്ഷന് കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചെയര്മാന് അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ അപാര ഫോമില്‍ ബാറ്റ് ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളില്‍ രണ്ട് പേര്. കരുണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.
ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന് പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍ ട്രോഫി ടീമില്‍ ഇടംപിടിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തിയാവും ടീം പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.