ന്യൂഡൽഹി: രാജ്യദ്രോഹ നിയമ (Sedition Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി (Supreme court). രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.
കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളും മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യദ്രോഹ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
