മനാമ: ദേശീയ വനവൽക്കരണ കാമ്പെയ്നിന്റെ രണ്ടാം ഘട്ടമായ ‘എന്നും ഹരിതം’ പദ്ധതിക്ക് തുടക്കമായി. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വനവത്കരണം ശക്തിപ്പെടുത്താനും കൂടുതൽ പ്രദേശങ്ങൾ ഹരിതവത്കരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടുകൂടിയാണ് ഹരിത വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുക. ബഹ്റൈൻ നാഷണൽ ഹോൾഡിംഗ് കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഇൻഫ്രാകോർപ്പിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രണ്ടാംഘട്ടത്തിൽ രാജ്യത്തുടനീളമുള്ള 40 ലധികം സ്ഥലങ്ങളിൽ 25,000 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമായി സർക്കാരും ബന്ധപ്പെട്ട അധികാരികളും നടത്തുന്ന ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ വനവൽക്കരണ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ ലഘൂകരിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പാതയോരങ്ങളിലും ജങ്ഷനുകൾക്ക് സമീപമുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. 2060-ഓടെ വായുവിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ വനവൽക്കരണ കാമ്പെയ്ൻ.
2021 ഒക്ടോബറിലാണ് ഹരിതവത്കരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനകം 49,000 വൃക്ഷത്തൈകൾ നടാൻ സാധിച്ചിട്ടുണ്ട്.