ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. റുമാനിയയിൽ നിന്നുള്ള 250 പേരുടെ സംഘമാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഇതിൽ 31 പേർ മലയാളികളാണ്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് തിരിച്ചെത്തിയവരെ സ്വീകരിച്ചത്.31 മലയാളികളിൽ 14 പേർ കേരള ഹൗസിലാണ് ഉള്ളത്. ഇവർ വൈകിട്ട് ആറ് മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 16 പേർ ഡൽഹിയിൽ നിന്ന് കൊച്ചിലേക്ക് പോകും. ഒരാൾ ഡൽഹിയിലാണ് താമസം.
ഹംഗറിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്,. രാത്രി ഒൻപതരയോടെ എത്തും. ഇന്നലെ രാത്രിയാണ് 219 പേരുമായി യുക്രെയിനിൽ നിന്നുള്ള ആദ്യവിമാനം മുംബയിലെത്തിയത്. 27 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

മലയാളികളെ സ്വീകരിക്കാൻ നോർക്കാ പ്രതിനിധികളും വിമാനത്താവളത്തിലുണ്ടായിരുന്നു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് മുഖ്യപരിഗണനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇരു രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രെയിനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.