തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളടക്കമുള്ള ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. സെപ്തംബർ ഒന്നുമുതലാണ് ഇത് പ്രാവർത്തികമാക്കുക. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറും ഡ്രൈവറുടെ ക്യാബിനിൽ ഉള്ള സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഇല്ലെങ്കിൽ എ ഐ ക്യാമറ കണ്ടെത്തി ഇവർക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങിയതോടെയാണ് ഹെവി വാഹനങ്ങൾക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കുന്നത്.
അതേസമയം,ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ചെലാൻ അയയ്ക്കുന്ന പ്രക്രിയ അവതാളത്തിലായി. പ്രതിദിനം 25,000 ചെലാനുകൾ തപാൽ വഴി അയയ്ക്കാനാണ് എം.വി.ഡി തീരുമാനിച്ചിരുന്നതെങ്കിലും നാലു ദിവസമായിട്ടും പകുതി നിയമലംഘനങ്ങൾക്കു പോലും ചെലാൻ അയച്ചിട്ടില്ല.’വാഹൻ’ സോഫ്റ്റ്വേറിന്റെ സാങ്കേതിക പ്രശ്നങ്ങൾ എ.ഐ ക്യാമറ സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. ‘വാഹൻ’ ഇടയ്ക്കിടെ പണിമുടക്കുന്നതുകാരണം പിഴചുമത്തുന്ന ഇ ചെല്ലാൻ തയ്യാറാക്കുന്നത് വൈകുന്നുണ്ട്.
ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ കെൽട്രോൺ ജീവനക്കാർ മോട്ടോർവാഹനവകുപ്പിന്റെ വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകൾക്ക് കൈമാറുകയാണ് പതിവ്. വെഹിക്കിൾ ഇൻസ്പെക്ടർമാർ ഒരോ ദൃശ്യവും പരിശോധിച്ചശേഷമാണ് ‘വാഹൻ’ സോഫ്റ്റ്വെയറിന്റെ ഭാഗമായ ‘ഇ ചെല്ലാൻ’ വെബ്സൈറ്റുവഴി പിഴ ചുമത്തുന്നത്.വാഹനത്തിന്റെ നമ്പർ വെബ്സൈറ്റിൽ നൽകുമ്പോൾ രജിസ്ട്രേഷൻ വിവരങ്ങളെല്ലാം കിട്ടും. ക്യാമറയിൽ നിന്നുള്ള ചിത്രം അപ്ലോഡ് ചെയ്തശേഷം നിയമലംഘനം ഏതാണെന്ന് രേഖപ്പെടുത്തി പിഴ ചുമത്തും. ‘വാഹനി’ൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ഇ ചെല്ലാനിൽ വാഹനങ്ങളുടെ വിശദാംശങ്ങൾ ലഭിക്കില്ല.
ഏറെക്കാലമായി ഈ തകരാർ നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തുന്ന നിയമലംഘനങ്ങളാണ് എ.ഐ ക്യാമറവരുന്നതിന് മുമ്പ് ഇ ചെല്ലാനിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. സോഫ്റ്റ്വെയറിലെ തിരക്കൊഴിയുമ്പോൾ മാത്രമാണ് ചെല്ലാൻ ചുമത്തിയിരുന്നത്. ക്യാമറ കൺട്രോൾ റൂമുകളിൽ പകൽ പത്ത് മുതൽ ഉദ്യോഗസ്ഥർ പിഴ ചുമത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും വാഹനിലേക്ക് എത്തുന്നതിനാൽ ഈ സമയത്ത് സ്ഥിരം തകരാറുള്ളതാണ്.അതേസമയം ക്യാമറകളുടെ പ്രവർത്തനത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. നേരത്തെ ഇക്കാര്യം ടെക്നിക്കൽ കമ്മിറ്റി കണ്ടെത്തിയിരുന്നു.