കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. വടക്കേ വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം വളരെ സജീവമാണ്. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പേരിയിലും വിലസിയ മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ബാണാസുര ദളത്തിലെ കമാൻഡർ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടർബോൾട്ട് ഇന്നലെ പിടികൂടിയത്.
ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന് ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ ഏഴു പേരുണ്ടായിരുന്നു എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പെരിയ കാടുകളിൽ പോലീസ് വ്യാപക തെരച്ചിൽ തുടങ്ങി. മൂന്നു തോക്കുകൾ പോലീസ് പിടിച്ചെടുത്തു എന്നാണ് വിവരം. പ്രദേശത്തെ ആശുപത്രികളിലും പോലീസിന്റെ നിരീക്ഷണ കണ്ണുകൾ എത്തുന്നുണ്ട്. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. എഡിജിപി ഉച്ചകഴിഞ്ഞു വയനാട്ടിൽ എത്തും. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകൻ തമ്പി എന്ന ഷിബുവിൽ നിന്ന് ലഭിച്ച വിവരങ്ങൾ ആണ് പോലീസ് നീക്കത്തിനു വഴി ഒരുക്കിയത്.