ചെന്നൈ : കർഷക നിയമം പിൻവലിച്ചത് പോലെ ജനദ്രോഹ നിയമമായ സി എ എയും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. ചെന്നൈയിൽ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ചുട്ടെടുത്ത ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കാൻ മോദി തയ്യാറാകണം. അല്ലെങ്കിൽ കൂടുതൽ ജനകീയ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ടാണ് ബിജെപി വർഗ്ഗീയത രാഷ്ട്രീയ വിഷയമാക്കുന്നത്. അതിനെ വർഗീയതകൊണ്ടു തന്നെ നേരിടുന്നത് പ്രതിപക്ഷ പാർട്ടികളുടെ നയവ്യതിയാനമാണ്. ഇത് രാജ്യത്തിന് കൂടുതൽ അപകടകരമാണ്.
യുപിയിൽ യോഗി ശ്രീരാമൻ്റെ പ്രതിമ സ്ഥാപിക്കുമ്പോൾ അഖിലേഷ് പരശുരാമൻ്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പശുവിന് ശീതീകരിച്ച ആംബുലൻസുകളും ആശുപത്രികളും നിർമ്മിക്കുമ്പോൾ
മനുഷ്യനു വേണ്ടി ആതുരാലയങ്ങളോ വിദ്യാലയങ്ങളോ നിർമ്മിക്കണമെന്ന ചർച്ച പോലും രാജ്യത്ത് നടക്കുന്നില്ല.

പൊതു ജനസേവനങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും പൊതു സ്വത്ത് മുഴുവൻ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത്. ഫാഷിസം ഒരുതരം ഭീതിയിലാണ്. അതുകൊണ്ടാണ് അംബേദ്കർ പ്രതിമയും മുസ്ലിം സ്ഥലനാമങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ ഭരണത്തിൻ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന വാദം പൊള്ളയാണെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിൻ്റെ നാലുഭാഗത്തുനിന്നും അയൽരാജ്യങ്ങൾ അക്രമം നടത്തി കൊണ്ടിരിക്കുയാണ്. രാജ്യം മോഡിയുടെ കൈകളിൽ സുരക്ഷിതമാണ് എന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, യുദ്ധമുണ്ടായി കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ സൈന്യം മോദിയുടെ ഭരണത്തിൻകീഴിൽ മരിച്ചു കൊണ്ടിരിക്കുകയാണ്.
അയൽ രാജ്യമായ ചൈന രാജ്യത്ത് കടന്ന് കയറി അക്രമണം നടത്തുകയും അവരുടെ കോളനികൾ ഇന്ത്യയിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
കേന്ദ്രസർക്കാർ ഇതിനെതിരെ ഒരു നിലപാട് പോലും എടുക്കാൻ കഴിയാത്ത വിധം പരാജയപ്പെടുന്നു. ആത്മ വിശ്വാസം ഇല്ലാത്തവരെ പോലെയാണ് സംഘപരിവാര ഭരണകൂടം അധികാരം കൈയാളുന്നത്.
കഴിഞ്ഞ ഏഴ് വർഷത്തെ മോദിയുടെ ഭരണത്തിൽ രാജ്യം സർവ്വ മേഖലകളിലും തകർന്നടിഞ്ഞിരിക്കുകയാണ്. രാജ്യത്തിൻ്റെ സാമ്പത്തിക നയം പൊതുമേഖല സ്ഥാപനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാട് തുടങ്ങി സർവ്വ മേഖലയിലും കേന്ദ്ര സർക്കാർ പരാജയമാണ്. രാജ്യത്ത് ബിജെപി സർക്കാർ കൊണ്ട് വന്ന നിയമങ്ങളെല്ലാം ഫെഡറലിസത്തെ തകർക്കുന്നതാണ്. ഇത് രാജ്യത്തെ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കും. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നം ഉയർത്തിക്കൊണ്ടു വരുവാൻ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നിന്നും എം കെ ഫൈസി പറഞ്ഞു.
