
മനാമ: ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) യുവ ബഹ്റൈനി വനിതാ സംരംഭകര്‍ക്കായുള്ള ‘ഇംതിയാസ്’ പദ്ധതിയുടെ അഞ്ചാം ഘട്ടം ആരംഭിച്ചു.
ബഹ്റൈനി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനും യുവതികള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്താനും ഈ മേഖലയിലെ മികച്ച നേട്ടങ്ങള്‍ എടുത്തുകാണിക്കാനുമുള്ള പദ്ധതിയാണിത്. നവീകരണ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പുതിയ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിനുള്ളില്‍ ഉയര്‍ന്നുവരുന്ന നിക്ഷേപ മേഖലകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനും സാമൂഹ്യ സംഘടനകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എസ്.സി.ഡബ്ല്യു. പ്രസിഡന്റും ബഹ്റൈന്‍ രാജാവിന്റെ പത്നിയുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി പുറപ്പെടുവിച്ച ഉത്തരവ് 2011 (10) പ്രകാരമാണ് ഇംതിയാസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. വൈവിധ്യമാര്‍ന്ന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഉദ്ഘാടന റൗണ്ടില്‍ ഉണ്ടായിരുന്ന 11 പങ്കാളികളില്‍നിന്ന് നാലാമത്തേതില്‍ അത് 98 ആയി വര്‍ധിച്ചു.
