
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാദി ബഹ്റൈന്‍ വനിതാ യൂണിയന് പ്രസിഡന്റ് അഹ്ലം അഹമ്മദ് റജബുമായി കൂടിക്കാഴ്ച നടത്തി. ഇരു സംഘടനകളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ധാരണാപത്രം നടപ്പിലാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റി യോഗത്തിലായിരുന്നു കൂടിക്കാഴ്ച.
ബഹ്റൈനി സ്ത്രീകളെ സേവിക്കുന്നതില്‍ എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണെന്ന് അല്‍ അവാദി പറഞ്ഞു.
ലിംഗസമത്വത്തെയും തുല്യ അവസരങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്തല്‍, സ്ത്രീകളുടെ ആവശ്യങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള ദേശീയ മാതൃക പ്രോത്സാഹിപ്പിക്കല്‍, സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും എടുത്തുകാണിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിലും കുടുംബ മാര്‍ഗ്ഗനിര്‍ദ്ദേശ സേവനങ്ങള്‍ നല്‍കുന്നതിലും വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യല്‍, പരസ്പര താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ഗവേഷണങ്ങളും പങ്കിടല്‍, സ്ത്രീകളുടെ പ്രശ്നങ്ങളും കുടുംബ സ്ഥിരതയുമായി ബന്ധപ്പെട്ട അവബോധ- പരിശീലന- അറിവ് വ്യാപന പരിപാടികളില്‍ സഹകരിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സഹകരണ മേഖലകള്‍ കമ്മിറ്റി അവലോകനം ചെയ്തു.
കൂടാതെ വിവാഹത്തിന് തയ്യാറെടുക്കുന്ന യുവദമ്പതികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളും മാധ്യമ സംബന്ധിയായ പദ്ധതികളും ഉള്‍പ്പെടെ വനിതാ യൂണിയന്റെ സംരംഭങ്ങളെയും പദ്ധതികളെയും കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു.
