കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതുമായിരുന്നു ബുദ്ധിമുട്ടുകൾ. നില ഗുരുതരമായതോടെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സകൾ.
സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 9ന് എറണാകുളത്തായിരുന്നു ജോൺ പോളിന്റെ ജനനം. റണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങി നൂറിൽപ്പരം ചിത്രങ്ങളുടെ രചന നിർവ്വഹിച്ചു. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെയും കർത്താവാണ്. മാക്ടയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.
