തിരുവനന്തപുരം: സ്കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ 25000 രൂപ കവര്‍ന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു.
വിദ്യാര്‍ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോള്‍ വിദ്യാര്‍ഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.