കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനം കുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നും വേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്പില്‍ നിന്നും വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച മുതല്‍ നിരോധനം നിലവില്‍ വരും.
രാജ്യത്ത് 114 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇനിയുള്ള സമയം വളരെ നിര്‍ണായകമാണ്. ഇത് വിലയിരുത്തിയാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.