തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി തന്നെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പത്ത് ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് സ്കൂളിൽ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. ഒന്നാം ക്ലാസിൽ മുൻവർഷത്തേക്കാൾ 27,000 കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് സ്കൂളിൽ എത്തും. 15 മുതൽ 8, 9, പ്ലസ് വൺ ക്ലാസുകളും തുടങ്ങും.
കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ സന്നാഹമുണ്ട്. സർക്കാർ ഒപ്പമുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ കുറവ് ഉണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.