മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. ബഹ്റൈനിൽ സെപ്റ്റംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമായും ഓൺലൈനിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതേസമയം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താൽപര്യം അറിയാൻ സർവേ നടന്നുവരുകയാണ്.
അതുപ്രകാരം രാജ്യം റെഡ് ലെവലിൽ ആണെങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠനത്തിന് ശ്രമിക്കും. ഓറഞ്ച്, യെല്ലോ, ഗ്രീൻ തലങ്ങളിൽ കുട്ടികളെ തിരികെ സ്കൂളിലേക്ക് അയയ്ക്കാനോ ഓൺലൈൻ വിദ്യാഭ്യാസം നേടാനോ രക്ഷിതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. മൊത്തം ശേഷിയുടെ ഓറഞ്ചിൽ 30 ശതമാനവും മഞ്ഞയിൽ 50 ശതമാനവും ഹാജർ നില കവിയരുത്. അതേസമയം ഗ്രീനിൽ ഇത് 100 ശതമാനമാണ്. ഓറഞ്ച്, യെല്ലോ ലെവലുകൾക്ക് ഒരു മീറ്ററും ഗ്രീൻ ലെവലിൽ അര മീറ്ററും സാമൂഹിക അകലം ബാധകമാണ്. ബഹ്റൈൻ നിലവിൽ മഞ്ഞ തലത്തിലാണ്, വെള്ളിയാഴ്ച ഗ്രീൻ ലെവലിലേക്ക് പോകുകയാണ്.
ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സർവേയിൽ പകുതിയോളം വിദ്യാർഥികൾ സ്കൂളിലെത്തി പഠനം നടത്താൻ താൽപര്യം അറിയിച്ചു. ശനിയാഴ്ച വരെ 67,000 വിദ്യാർഥികളാണ് ഓഫ്ലൈൻ പഠനത്തിന് സന്നദ്ധരായി വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ആകെ വിദ്യാർഥികളുടെ 47 ശതമാനത്തോളമാണ് ഇത്.
ഞായറാഴ്ചയായിരുന്നു താൽപര്യം അറിയിക്കാനുള്ള അവസാന തീയതി.നേരിട്ട് ഹാജർ രേഖപ്പെടുത്താത്ത വിദ്യാർത്ഥികളെ സ്വാഭാവികമായും ഓൺലൈൻ പഠന ഫോർമാറ്റിലേക്ക് മാറ്റും. ഓഫ്ലൈൻ പഠനത്തിന് താൽപര്യമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാകും ക്ലാസ് ഉണ്ടാവുക. മറ്റു ദിവസങ്ങളിൽ ഓൺലൈൻ പഠനമായിരിക്കും. രാജ്യത്തെ പൊതു വിദ്യാലയങ്ങൾ സെപ്റ്റംബർ 7ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.