തിരുവനന്തപുരം: ഗവണ്മെന്റ്, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെല്ലാം തന്നെ ആവശ്യാനുസ്സരണം സ്കൂള്‍ വാഹനങ്ങളുണ്ട്. കഴിഞ്ഞ 19 മാസക്കാലമായി ചലനമറ്റുകിടന്ന സ്കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നത് സ്കൂളുകള്‍ക്ക് വലിയ ബാധ്യതയായി മാറുന്നു. ഒക്ടോബര്‍ 20 നു മുന്‍പായി ഫിറ്റ്നെസ് എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും, സീറ്റില്‍ ഒരു കുട്ടിയെന്ന മാനദണ്ഡം പാലിക്കേണ്ടിവരുന്നതും, മുഴുവന്‍ സ്കൂള്‍ വാഹനങ്ങള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരുന്നു എന്നതും സ്കൂളുകള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
19 മാസം ഉപയോഗിക്കാതെ കിടന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഓരോ വാഹനത്തിനും ലക്ഷക്കണക്കിനു രൂപ ചെലവ് വരും. തേര്‍ഡ് പാര്‍ട്ടി കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഓരോ വാഹനത്തിനും പതിനായിരക്കണക്കിന് രൂപയുടെ ചെലവ് വേറെയും വരും. അതിനാല്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഇത്രയും ചുരുങ്ങിയ കാലയളവില്‍ സ്കൂള്‍ വാഹനങ്ങളെ ഫിറ്റ്നെസിനു വിധേയമാക്കാന്‍ സാധിക്കില്ല.
MLA, MP, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ധനമുപയോഗിച്ച് ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളില്‍ വാഹനം ലഭ്യമാക്കിയപ്പോള്‍ സര്‍ക്കാര്‍ അംഗീകൃത അണ് എയ്ഡഡ്, CBSE, ICSE, ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ കുട്ടികളുടെ സൗകര്യാര്‍ത്ഥം സ്വന്തം ചെലവില്‍ സ്കൂള്‍ബസ് സംവിധാനമൊരുക്കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കൂളുകള്‍ അടഞ്ഞുകിടന്നപ്പോള്‍ പകുതിയിലധികം സ്കൂളുകള്‍ G-ഫോം നല്കി സ്കൂള്‍ ബസ്സുകള്‍ തങ്ങുടെ ഷെഡിലൊതുക്കി. ബാക്കി സ്കൂളുകള്‍ വാഹന നികുതി ഗവണ്മെന്റ് ഒഴിവാക്കി നല്‍കുമെന്ന് കരുതി കാത്തിരുന്നു.
സ്കൂളുകള്‍ അടഞ്ഞുകിടന്ന കാലയളവിലെ വാഹനനികുതി ഒഴിവാക്കാനായി സ്കൂളുകള്‍ സ്വന്തം നിലയ്ക്കും അസോസിയേഷന് മുഖാന്തരവും അഭ്യര്‍ത്ഥിച്ചപ്പോള്‍ 2020 ഏപ്രില്‍ 1 മുതല്‍ 2020 സെപ്റ്റംബര്‍ 30 കാലയളവിലെ നികുതി ഒഴിവാക്കിനല്‍കി. എന്നാല്‍ അതിനുശേഷമുള്ള വാഹനനികുതി ഒഴിവാക്കാനായി ആവശ്യപ്പെട്ടപ്പോള്‍ “സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായാതിനാല് ഇപ്പോള്‍ പരിഗണിക്കനാകില്ല” എന്നതായിരുന്നു അധികാരികളില്‍ നിന്നും ലഭിച്ച മറുപടി.
കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനായി KSRTC ബസ്സുകളെയോ മറ്റു സ്വകാര്യ ബസ് സര്‍വീസുകളെയോ ആശ്രയിച്ചാല്‍ മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തിയും, നിര്‍ത്തിയുമുള്ള യാത്രയാണ് അവിടെ ലഭിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കാതെയാണ് സ്കൂള്‍ബസ് യാത്രാ മാനദണ്ഡങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. 40 കുട്ടികളുള്ള ഒരു ബസ് റൂട്ടില്‍ 20 കുട്ടികള്‍ക്കുമാത്രമാണ് യാത്രാ അനുമതിയെങ്കില്‍ ഒരേ റൂട്ടില്‍ 2 പ്രാവശ്യം സ്കൂള്‍ബസ് സര്‍വീസ് നടത്തേണ്ടിവരും, അതുകൂടാതെ സീറ്റില്‍ ഒരു കുട്ടി എന്ന നിലയില്‍ യാത്രാസൗകര്യം പരിമിതപ്പെടുത്തുന്നതോടുകൂടി കൂടുതല്‍ ബസ് ഫീസ് കുട്ടികളില്‍ നിന്നും സമാഹരിക്കേണ്ടിവരും. ആയതിനാല്‍ സ്കൂള്‍ബസ് സീറ്റിംഗ് കപ്പാസിറ്റി അനുസ്സരിച്ചുള്ള കുട്ടികള്‍ക്കെങ്കിലും യാത്രാ അനുമതി നല്‍കണം.
ഒന്നാം ഘട്ടത്തില്‍ 1 മുതല്‍ 7 വരെയും 10, +2 ക്ലാസുകള്‍ അധ്യയനം ആരംഭിക്കുകയും 15 ദിവസത്തിനു ശേഷം മുഴുവന്‍ ക്ലാസുകള്‍ക്കും സ്കൂള്‍ തല പഠനമാരംഭിക്കുന്നതോടെ കുട്ടികളെ സമയത്ത് കൊവിഡ് നിയമംപാലിച്ച് സ്കൂളില്‍ എത്തിക്കാന്‍ ഇരട്ടിയോളം ബസ്സുകള്‍ സ്കൂള്‍ സ്വന്തം നിലയ്ക്ക് സജ്ജീകരിക്കേണ്ടതായി വരുന്നു.
സമയബന്ധിതമായി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള സാവകാശം നല്‍കാനും സ്കൂളുകള്‍ അടച്ചിട്ട കാലയളവിന് ശേഷമുള്ള അവശേഷിച്ച ഇന്‍ഷുറന്‍സ് ദിനങ്ങള്‍ പുനരാരംഭിക്കുന്ന ദിവസം മുതല്‍ പൂര്‍ത്തിയാകുംവരെയുള്ള കാലയളവിലേക്ക് വകവച്ചുതരണമെന്നും സര്‍ക്കാര്‍ അംഗീകൃത അണ് എയ്ഡഡ് സ്കൂള്‍ മാനേജ്മന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഫീസ് ഇളവ് നല്‍കിയും കൃത്യമായും അധ്യാപകര്‍ക്ക് വേതനം നല്‍കിയും സ്വകാര്യ മാനേജ്മന്റ് സ്കൂളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീ ആനന്ദ് കണ്ണശ സര്‍ക്കാരിനോട് നിവേദനത്തില്‍ ബോധിപ്പിച്ചു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം
Previous Articleനോക്കുകൂലി നൽകാത്തതിന് മർദനം