ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളിൽ വിളകൾ സംഭരിക്കാനും അവരുടെ ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത്-(ഇ-എൻഡബ്ല്യുആർ) ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ നേടാനും കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.
കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ആരംഭിച്ച വായ്പാ ഉൽപ്പന്നമായ ‘പ്രൊഡ്യൂസ് മാർക്കറ്റിംഗ് ലോൺ’ കൂടുതൽ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. പണലഭ്യത മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഗ്രാമീണ നിക്ഷേപകരുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലത്തിൽ നിന്ന് കർഷകരുടെ പണമിടപ്പാട് ഉയർത്തുന്നതിനും ഈ പങ്കാളിത്തം സഹായിച്ചേക്കാം.
ഇത്തരം വായ്പകൾ വർഷങ്ങളായി സ്ഥിരമായ വളർച്ച കാണിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത്തരം വായ്പകളുടെ കണക്ക് ഇതിനകം 1,500 കോടി കവിഞ്ഞു. ഈ ഘട്ടത്തിലാണ് എസ്ബിഐ പുതിയ പങ്കാളിത്തവുമായി എത്തിയിരിക്കുന്നത്. ഇത്തരം വായ്പകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കർമാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വെയർഹൌസിങ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റി ബാങ്കുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.