തൊടുപുഴ: വായ്പ നല്‍കാമെന്ന് പറഞ്ഞ് എസ്.ബി.ഐ. യോനോ ആപ്പിന്റെ പാസ്സ് വേര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശി പിടിയില്‍. പ്രതി ഓണ്‍ലൈന്‍ തട്ടിപ്പുകാരനായ ഭോജ്പൂര് ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെ(39)യാണ് ബീഹാറില്‍ എത്തി തൊടുപുഴ പോലീസ് പിടികൂടിയത്. പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനില്‍നിന്നാണ് പണം തട്ടിയെടുത്തത്.
തട്ടിപ്പ് ഇങ്ങനെ: സെപ്റ്റംബര്‍ 25-ന് പരാതിക്കാരന്റെ ഫോണിലേക്ക് തട്ടിപ്പുകാര്‍ ഒരു എസ്.എം.എസ്. അയച്ചു. യോനോ ആപ്പ് വഴി ലോണ്‍ നല്‍കുമെന്ന് ഒരു ലിങ്ക് അതില്‍ നല്‍കിയിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരാള്‍ ഫോണിലേക്ക് വിളിച്ചു. വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പറയുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ പാന്‍കാര്‍ഡ് തുടങ്ങിയവ വാങ്ങി എടുക്കുകയുംചെയ്തു. ഇതുപയോഗിച്ച് ഇവര്‍ യോനോ ആപ്പില്‍ കയറാന്‍ ശ്രമിച്ചു. ഫോര്‍ഗോട്ട് പാസ്സ് വേര്‍ഡ് ഓപ്ഷന് കൊടുത്തപ്പോള്‍ ഒരു ഒ.ടി.പി. പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക് വന്നു. ഇത് ലോണിന്റെ കോഡാണെന്നാണ് ഇവര്‍ പരാതിക്കാരനോട് പറഞ്ഞത്. അത് വിശ്വസിച്ച് അയാള്‍ ഒ.ടി.പി. (വണ്‍ ടൈം പാസ്സ് വേര്‍ഡ്) പറഞ്ഞ് നല്കി. അപ്പോള്‍ തന്നെ തട്ടിപ്പുകാര്‍ യോനോ അക്കൗണ്ടിന്റെ എം.പിന് (മൊബൈല്‍ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) മാറ്റി. മൂന്ന് തവണകൂടി ഇവര്‍ ഒ.ടി.പി. ചോദിച്ച് വാങ്ങി. പരാതിക്കാരന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്രൊഫൈല്‍ പാസ് വേര്‍ഡ് മാറ്റി യോനോ അക്കൗണ്ട് തന്നെ കൈക്കാലാക്കി. ഇവര്‍ക്ക് പണം പിന്‍വലിക്കാവുന്ന രീതിയില്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ‘ബെനിഫിഷ്യറി അക്കൗണ്ടായി’ (ഗുണഫോക്തൃ അക്കൗണ്ട്) ചേര്‍ക്കുകയുംചെയ്തു. ഇക്കാര്യം അപ്പോള്‍ പരാതിക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വായ്പ കുറച്ചുദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് വരുമെന്ന് തട്ടിപ്പുകാര്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം വന്നില്ല. ഇതിനിടെ പരാതിക്കാരന് ഒരു സഹകരണസംഘത്തില്‍ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തു. ഇത് എസ്.ബി.ഐ. അക്കൗണ്ടിലേക്കാണ് വന്നത്. ഇത് മനസ്സിലാക്കിയ തട്ടിപ്പുകാര്‍ രണ്ട് ബെനിഫിഷ്യറി അക്കൗണ്ട് വഴി 10 ലക്ഷം രൂപ ഒക്ടോബര്‍ രണ്ടിനും മൂന്നിനുമായി പിന്‍വലിച്ചു. മൂന്നുദിവസംകൊണ്ട് എം.ടി.എം. കാര്‍ഡ് വഴി ഇവര്‍ പണം എടുക്കുകയും ചെയ്തു.
അപ്പോഴാണ് പരാതിക്കാരന് തട്ടിപ്പ് മനസ്സിലായത്. ഉടന്‍തന്നെ ബാങ്ക് വഴി യോനോ അക്കൗണ്ട് മരവിപ്പിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. പണം പിന്‍വലിച്ച ബെനിഫിഷ്യറി അക്കൗണ്ട് വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയാരെന്ന് മനസ്സിലാകുന്നത്.