കൊൽക്കത്ത: രാജ്യത്തിന്റെ ഭരണഘടനയെ ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശനത്തിനെത്തിയ ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ ചേർന്ന യോഗത്തിലാണ് മമതയുടെ പരാമർശം. ‘ഗോൾഡൻ ലേഡി’ എന്ന് അഭിസംബോധന ചെയ്താണ് മമത രാഷ്ട്രപതിയെ സ്വാഗതം ചെയ്തത്.
“മാഡം പ്രസിഡന്റ്, ഈ രാജ്യത്തെ ഭരണഘടനയുടെ തലപ്പത്ത് നിങ്ങളാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയെയും ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരു ദുരന്തത്തിൽ നിന്ന് ഭരണഘടനയെ രക്ഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” മമത ബാനർജി പറഞ്ഞു.
വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകൾ കാലങ്ങളായി ഒരുമിച്ച് കഴിയുന്ന പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്നും അവർ പറഞ്ഞു. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് രാഷ്ട്രപതി ബംഗാളിലെ ജനങ്ങളോട് നന്ദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ബംഗാളിലെത്തിയത്.