മനാമ: ബഹ്റൈനിൽ താമസിക്കുന്ന സൗദികൾക്ക് ഇന്ന് മുതൽ കിംഗ് ഫഹദ് കോസ്വേ വഴി നാട്ടിലേക്ക് മടങ്ങാൻ കഴിയും. മുൻകൂട്ടി അനുമതിയില്ലാതെ തങ്ങളുടെ പൗരന്മാർക്ക് ഇപ്പോൾ കോസ്വേയിലൂടെ സഞ്ചരിക്കാമെന്ന് ബഹ്റൈനിലെ സൗദി എംബസി അറിയിച്ചു. എന്നാൽ ബഹ്റൈൻ നിശ്ചയിച്ചിട്ടുള്ള കോവിഡ് -19 സുരക്ഷമാനദണ്ഡങ്ങൾ സൗദി പൗരന്മാർ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ വിദേശത്ത് നിന്ന് വരുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താൻ അതിർത്തികൾ അടച്ചു. ഇതിന്റെ ഭാഗമായാണ് മാർച്ച് 7 ന് കോസ്വേയും അടച്ചത്. വ്യവസ്ഥകൾ പാലിച്ചു ചില ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി ഉണ്ടായിരുന്നത്. ബഹ്റിനെയും സൗദിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കോസ്വേ. കഴിഞ്ഞ വർഷം ബഹ്റൈനിൽ പ്രവേശിച്ച 11.1 ദശലക്ഷം സഞ്ചാരികളിൽ 9.7 ദശലക്ഷം (88 ശതമാനം) പേർ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. 1986 ൽ തുറന്നതിനുശേഷം ആദ്യമായാണ് പാലം ദീർഘനാൾ അടച്ചിടുന്നത്.
പുതിയ കസ്റ്റംസ് ഗേറ്റുകളും ഇ-പേയ്മെന്റ് പാതകളും ഗതാഗത ശേഷി 45 ശതമാനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.വിമാനമാർഗം ബഹ്റൈനിൽ യാത്ര ചെയ്യുന്ന സൗദികൾ 10 ദിവസത്തേക്ക് ക്വാറന്റീനിൽ നിൽക്കണമെന്നും എംബസി അറിയിച്ചു.