അബഹ: ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൃതദേഹങ്ങളിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞതിനാൽ തീർത്ഥാടകരെ തിരിച്ചറിയാനുള്ള ഫോറൻസിക് പരിശോധന ഊർജിതമാക്കി. ക്രിമിനൽ എവിഡൻസ് വിഭാഗവുമായി സഹകരിച്ച് ഫോറൻസിക് മെഡിക്കൽ സംഘം മരിച്ചയാളുകളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണ്.
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദേശപ്രകാരം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സയും പരിചരണവും നൽകാൻ ഗവർണർ നിർദ്ദേശിച്ചു.
ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശആർ ചുരം റോഡിലെ പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് വീഴുകയും തീപിടിക്കുകയും ആയിരുന്നു. സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, സുരക്ഷാ വകുപ്പുകൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി.