ജിദ്ദ: ഒട്ടേറെ സവിശേഷതകളോടെ പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് സൗദി അറേബ്യ പുറത്തിറക്കി. ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതാണ് പുതിയ പാസ്പോർട്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അറിയാൻ സാധിക്കുമെന്നതാണു പ്രത്യേകത. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ പ്രകാശനം ചെയ്തു.
അഞ്ചു വർഷ കാലാവധിയുള്ള പാസ്പോർട്ടിന് 300 റിയാലും പത്തു വർഷ കാലാവധിയുള്ള പാസ്പോർട്ടിന് 600 റിയാലുമാണ് ഫീസ് നൽകേണ്ടത്. പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്യാനും പാസ്പോർട്ട് പുതുക്കാനും ഇതേ ഫീസ് ആണ് ബാധകം. മുഴുവൻ പ്രവിശ്യകളിലും ഇ-പാസ്പോർട്ട് നിലവിൽ വരുന്നതു വരെ പഴയ പാസ്പോർട്ട് അനുവദിക്കുന്നത് തുടരും. ഇഷ്യൂ ചെയ്ത് ആറു മാസത്തിനു ശേഷം കാലാവധിയുള്ള പഴയ പാസ്പോർട്ടുകൾ മാറ്റി ഇ-പാസ്പോർട്ടുകളാക്കാവുന്നതാണ്.
ആദ്യ ഘട്ടത്തിൽ ഇ-പാസ്പോർട്ട് നടപടിക്രമങ്ങൾക്ക് അതതു പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ടു സമീപിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിർ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് ഇ-പാസ്പോർട്ടിന് അതതു പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടത്.
