റിയാദ്: അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യ ദ്വീപ് സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഖത്വീഫിലാണ് ഗൾഫ് സമുദ്രത്തിൽ ഒരു ‘മത്സ്യദ്വീപ്’ (ഫിഷ് ഐലൻഡ്) പണിതത്. ഖത്വീഫിന്റെ ഗവർണർ സൗദ് ബിൻ നായിഫ് അൽ സൗദ് രാജകുമാരനാണ് മത്സ്യബന്ധന ദ്വീപ് ഉദ്ഘാടനം ചെയ്തത്. മത്സ്യവ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട സ്ഥലമാകുമിത്.
800 ലക്ഷം റിയാൽ ചെലവിട്ടാണ് ദ്വീപ് നിർമിച്ചത്. 120,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപം ഈ ദ്വീപ് ഒരുക്കിയത്. 6000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു വലിയ കെട്ടിടം ഈ ദ്വീപിലുണ്ട്. കച്ചവട സംബന്ധമായ എല്ലാം അതിലാണ് നടക്കുന്നത്. റീട്ടെയിൽ സ്റ്റോറുകൾ, മൊത്തവ്യാപാര സൈഡ് യാർഡ്, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകൾ, വാണിജ്യ സൗകര്യങ്ങൾ എന്നിവ അതിലുൾപ്പെടുന്നു.
ഉദ്ഘാടനം ചെയ്തതോടെ ഈ മത്സ്യദ്വീപിലേക്ക് ഖത്വീഫിലെ സെൻട്രൽ മാർക്കറ്റ് മാറ്റി സജ്ജീകരിക്കുകയാണ്. ഖത്വീഫ് മത്സ്യവിപണി 150 വർഷത്തിലേറെയായി ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചന്തകളിലൊന്നാണ്. പ്രതിദിനം 100 ടൺ മുതൽ 200 ടൺ വരെ വിവിധയിനം മത്സ്യങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നതിനാൽ ഏറ്റവും വലിയ മത്സ്യ വിപണിയായാണ് ഇത് അറിയപ്പെടുന്നത്.
മേഖലയിലെ വ്യാപാര പ്രവാഹം വർധിപ്പിക്കാനും മേഖലയിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
