റിയാദ്: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു.
ഇന്ത്യക്കു പുറമേ പാകിസ്താന്, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലബനാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക് തുടരുക. 14 ദിവത്തിനിടയില്‍ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയവര്‍ക്കും വിലക്ക് ബാധകമാവും. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാത്രാ വിലക്ക് ബാധകമല്ല. 2021 ഫെബ്രുവരിയിലാണ് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദി യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മെയ് 29ന് ഇതില്‍ 11 രാജ്യക്കാര്‍ക്ക് യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ക്ക് വിലക്ക് തുടരുകയായിരുന്നു. യുഎഇ, ജര്‍മനി, യുഎസ്, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രിട്ടന്, സ്വീഡന്, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന് എന്നീ രാജ്യക്കാരുടെ യാത്രാവിലക്ക് നീക്കിയത്.