തിരുവനന്തപുരം: ആലുവായില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ കുടുംബത്തിന് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടത്തില്‍ സ്വജീവിതം ബലികഴിച്ച കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സതീശന് നീതിക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും ഉജ്വലമായ മാതൃകയായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
നവംബര്‍ 25നു ആലുവ പോലീസ് സ്റ്റേഷനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന ജലപീരങ്കി, ടിയര്‍ഗാസ് പ്രയോഗമാണ് സതീശന്റെ അകാലനിര്യാണത്തിന് വഴിയൊരുക്കിയത്. അത്യാഹിതം സംഭവിച്ച അന്ന് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെയാണ് മോഫിയ പര്‍വീണിന്റെ കുടുംബത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവനും അണിചേര്‍ന്നത്.
സാമ്പത്തിക പരാധീനതകള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയില്‍ അധ്വാനിച്ച് കുടുംബം പുലര്‍ത്തിയിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു സതീശന്. കീഴ്മാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. തളരാത്ത കോണ്‍ഗ്രസ് വികാരം മനസ്സില്‍ കൊണ്ടുനടന്ന സജീവന്റെ വേര്‍പാട് വിങ്ങലോടെ മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കൂ.
സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും പൊലീസിന്റെ ക്രൂരതയുടെയും ബലിയാട് കൂടിയാണ് സജീവന്. മോഫിയ പര്‍വീണിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദിയായ പോലീസ് ഇന്‍പെക്ടറെ സര്‍ക്കാര്‍ സംരക്ഷിക്കാതിരുന്നെങ്കില്‍ സജീവനെ പോലുള്ള ആത്മാര്‍ത്ഥയുള്ള ഒരു പൊതുപ്രവര്‍ത്തകനെ നാടിനും വീടിനും നഷ്ടമാകില്ലായിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് സജീവന്റെ കുടുംബം.അവരുടെ നഷ്ടത്തിന് മറ്റൊന്നും പകരം വയ്ക്കാനാകുമാകില്ല. എങ്കിലും ഈ കുടുംബം അനാഥമാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ കോണ്‍ഗ്രസ് പ്രവര്ത്തകനുമുണ്ടെന്നു സുധാകരന് പറഞ്ഞു.