മലപ്പുറം : പാലാ, താമരശ്ശേരി ബിഷപ്പുമാര്‍ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിച്ചിട്ടില്ലെന്നും ഇപ്പോഴും വലിയ തോതിലുള്ള മുസ്ലിം വിദ്വേഷപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയതായി വാര്‍ത്ത വന്നെങ്കിലും ഈ വാർത്താകുറിപ്പ് ബിഷപ്പിന്റെയോ ബിഷപ്പ് ഹൗസിന്റെയോ ഫേസ്ബുക്ക് പേജിൽ കണ്ടില്ലെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ക്രിസ്ത്യൻ സമുദായത്തിനിടയിൽ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ ചാനൽ ചർച്ചകളിൽ മുസ്ലിം സമുദായത്തെ തെറിവിളിച്ചതുകൊണ്ടായില്ലെന്നും സ്വയം പരിഹാരം കാണുകയാണ് വേണ്ടതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
പാലാ, താമരശ്ശേരി ബിഷപ്പുമാരുടെ പ്രത്യേക ശ്രദ്ധക്ക്
നിങ്ങൾ രണ്ടു പേരുടേയും നേതൃത്വത്തിൽ പ്രസംഗത്തിലും വേദപാഠ പുസ്തകത്തിലൂടെയും മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും പിൻവലിച്ചിട്ടില്ല. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണം കേരള സമൂഹമാകെ തള്ളിക്കളഞ്ഞു. കത്തോലിക്കാ സഭയിലെ സത്യസന്ധരായ പിതാക്കൻമാർ വരെ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തുറന്നു പറഞ്ഞു.
താമരശ്ശേരി ബിഷപ്പ് ചില മുസ്ലിം സമുദായാംഗങ്ങളുമായുള്ള ചർച്ചയിൽ ഖേദപ്രകടനം നടത്തിയതായും പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചതായും വാർത്ത വന്നു. എന്നാൽ ഈ വാർത്താകുറിപ്പ് ബിഷപ്പിന്റെയോ ബിഷപ്പ് ഹൗസിന്റെയോ ഫേസ്ബുക്ക് പേജിൽ വന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയായ സ്ഥിതിക്ക് ഇത് പ്രതീക്ഷിക്കാമല്ലോ. ദീപിക ദിനപത്രത്തിലും ആ വാർത്ത വന്നില്ല. ചർച്ചയിൽ പങ്കെടുത്തവർ ഇത് സംബന്ധമായി അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയുമില്ല. എന്നാൽ കഴിഞ്ഞ ദിവസം വിവാദ പുസ്തകത്തെ ശരിവെച്ചും ലൗ ജിഹാദ് ആരോപണത്തെ ന്യായീകരിച്ചും ദീപിക ദിനപത്രത്തിൽ ലേഖനം വന്നു. ഇതോടെ ചർച്ചയും പത്രക്കുറിപ്പും പിതാവിന്റെ നാടകമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോഴും വലിയ തോതിലുള്ള മുസ്ലിം വിദ്വേഷപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുകയും ചെയ്യുന്നു.
പ്രിയ ബിഷപ്പുമാരേ,
ഒരു കാര്യം ഓർമിപ്പിക്കട്ടെ. അവിടുത്തെ രൂപതകളിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങൾ മറച്ചുവയ്ക്കാനും അതിനെ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രീതി ലഭിക്കാനും നിങ്ങൾക്ക് സംഘപരിവാറിന് കുഴലൂത്ത് നടത്താം. പക്ഷെ, അത് മുസ്ലിം സമുദായത്തിന്റെ ചെലവിൽ വേണ്ട. അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ ചാനൽ ചർച്ചകളിൽ വന്ന് മുസ്ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; അതിന് സ്വയം പരിഹാരം കാണുകയാണ് വേണ്ടത്. സഭയുടെ പേരിൽ നിങ്ങൾ കളിക്കുന്ന കളികൾ തിരിച്ച് ഉപയോഗിക്കാൻ മുസ്ലിംകൾക്ക് അറിയാത്തത് കൊണ്ടല്ല. നിങ്ങളെ പോലെ ഞങ്ങളും ആകരുതെന്ന് കരുതുന്നത് കൊണ്ടാണ്. അത് തിരുത്താൻ ഇടവരാതിരിക്കട്ടെ.!