കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ സരിത കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേയ്ക്ക് കൂടി കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാൻ സരിതയോടും അപേക്ഷയിൽ നിയമാനുസൃത തീരുമാനമെടുക്കാൻ കോടതിയോടും നിർദ്ദേശിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളാർ കമ്പനിയുടെ പേരിൽ കോഴിക്കോട് അബ്ദുൽ മജീദിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്.
കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോയെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സമാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി ജാമ്യം റദ്ദാക്കുകയും സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.