
കണ്ണൂര്‍: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം. തെരഞ്ഞെടുത്ത 35 താരങ്ങളാണ് ക്യാമ്പിലുള്ളത്. കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് ടീമിറങ്ങുന്നതെന്ന് മുഖ്യ പരിശീലകന് ഷഫീഖ് ഹസന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൈദരാബാദില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതാണ് എട്ടാം കിരീടം. ജനുവരിയില്‍ അസമില്‍ പന്തു തട്ടുമ്പോള്‍ കേരള സന്തോഷ് ട്രോഫി ടീമിന് ഒരൊറ്റ ലക്ഷ്യം മാത്രം, ആ കിരീടം തിരിച്ചു പിടിക്കണം.
സൂപ്പര്‍ ലീഗ് കേരളയില്‍ നിന്നും സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ നിന്നും തെരഞ്ഞെടുത്ത 35 താരങ്ങളാണ് കണ്ണൂരില്‍ നടക്കുന്ന ക്യാമ്പിലുള്ളത്. കണ്ണൂര്‍ വാരിയേര്‍സ് സഹപരിശീലകന്‍ കൂടിയായ ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ക്യാമ്പിനൊടുവില്‍ ഫൈനല്‍ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. പരിചയ സമ്പന്നനായ എബിന് റോസാണ് സഹപരിശീലകന്‍. ഇന്ത്യന്‍ മുന്‍താരം കെ ടി ചാക്കോയാണ് ഗോള്‍കീപ്പര്‍ കോച്ച്. സൂപ്പര്‍ ലീഗ് മത്സരത്തിനൊരുങ്ങിയ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പരിശീലനം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ജനുവരി രണ്ടാം വാരം അസമില്‍ ഇറങ്ങുന്ന കേരളത്തിന് ബംഗാളും സര്‍വീസസും തന്നെ പ്രധാന കടമ്പ. ആഭ്യന്തര ലീഗിലെ ഉണര്‍വും മികച്ച യുവതാരങ്ങളും ടൂര്‍ണമെന്റില്‍ കേരളത്തിന്റെ എട്ടാം കിരീടമെന്ന സ്വപനത്തിന് കരുത്താകും. സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ മികവ് കാട്ടിയ 35 അംഗങ്ങളാണ് ആദ്യ ഘട്ടത്തില്‍. 14ന് സൂപ്പര്‍ ലീഗ് കേരള കഴിഞ്ഞാലുടന്‍ ഇതിലെ താരങ്ങളും ചേരും. ഘട്ടം ഘട്ടമായി എണ്ണം പരിമിതപ്പെടുത്തും.


