പോത്തൻകോട് : നവജ്യോതിശ്രീ കരുണാകരഗുരു പകര്‍ന്ന ചിന്തയാണ് സമൂഹത്തിന് വേണ്ട വിദ്യാഭ്യാസമെന്ന് സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. എന്‍. രാജശേഖരന് പിളള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് എന്ന കേന്ദ്രബിന്ദുവിനെ മറന്നുകൊണ്ടാണ് സമൂഹത്തില്‍ ഇന്നുപലതും നടക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും മനുഷ്യനില്‍ അസ്വസ്ഥതയും അമിതമായ ആഗ്രഹവും വര്‍ദ്ധിച്ചുവരുന്നു. കാലം എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ ഉഴലുന്ന മനുഷ്യസമൂഹത്തിന് നന്മയുടെയും പുണ്യത്തിന്റേയും ചിന്തകള്‍ പകരുന്ന ഇടമാണ് ശാന്തിഗിരിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിനോയ് വിശ്വം എം .പി അദ്ധ്യക്ഷനായി. ഗുരുപരമ്പരകളിലെ വ്യത്യസ്തനായ ഗുരുവാണ് ശ്രീകരുണാകരഗുരു. ഗുരുവിന്റെ ജീവിതയാത്ര മതത്തിനും വര്ണ്ണവര്ഗ്ഗവ്യത്യാസങ്ങള്ക്കും ചാതുര്വര്ണ്ണ്യത്തിനും അതീതമായി മനുഷ്യന് സ്നേഹവും നന്മയും വെളിച്ചവുമുളള പാത തുറന്നുനല്കുന്നതിനായിരുന്നുവെന്ന് എം പി പറഞ്ഞു. സ്വാമി അഭയാനന്ദ, മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി രചിച്ച ഒരുമ എന്ന പുസ്തകത്തിന്റെയും ഗുരുവിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളായിരുന്ന ശ്രീനിലയം. ജി. ഫൽഗുനന്റെ രചനകളുടെ സമാഹാരമായ “കാരുണ്യത്തിന്റെ കാൽപ്പാടുകൾ” എന്ന പുസ്തകത്തിന്റെയും പ്രകാശനകർമ്മം നടന്നു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

ശ്രീഗോകുലം മെഡിക്കൽകോളേജ് ഡയറക്ടർ കെ.കെ.മനോജൻ, മുൻ വനിതകമ്മീഷൻ അംഗം ഡോ.പ്രമീളദേവി, സെന്റ്ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടം, ബ്രഹ്മകുമാരി ബീന, സി.ആർ.പി.എഫ് മെഡിക്കൽ ഡി.ഐ.ജി ഡോ.ലിംഗരാജ്, എഴുത്തുകാരന് ജയൻ പോത്തൻകോട്, വക്കം ഖാദര്‍ അനുസ്മരണ വേദി ചെയര്മാന് എം.എ.ലത്തീഫ്, ആശ്രമത്തിന്റെ വിവിധ സാംസ്കാരിക വിഭാഗം ചുമതലക്കാരായ ഡോ.എ.എൻ. ജയശ്രീ, ശ്രീവാസ്.എ, അജിത.എ, മിനി.കെ.ആർ, ഓമന.പി, സുമ.പി.ജി, ഗുരുപ്രിയൻ.ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി സ്വാഗതവും ജി.പ്രഭാകരൻ കൃതജ്ഞതയും പറഞ്ഞു. വിവിധ ഏരിയകളിൽ നിന്നായി അഞ്ഞൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
