തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയ യുവതാരം അഭിഷേക് ശർമയെ ട്വന്റി20 ടീമിൽനിന്ന് തഴഞ്ഞതിനെയും തരൂർ വിമർശിച്ചു. മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിനില്ലെന്ന് തരൂർ സമൂഹമാദ്ധ്യമക്കുറിപ്പിൽ ആരോപിച്ചു. ‘ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള സ്ക്വാഡ് സിലക്ഷൻ വളരെ കൗതുകമുണർത്തുന്നതാണ്. അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറിയടിച്ച സഞ്ജു സാംസൺ ഏകദിന ടീമിൽ തിരഞ്ഞെടുക്കപ്പെട്ടില്ല.
സിംബാബ്വെക്കെതിരായ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറിയടിച്ച അഭിഷേക് ശർമയും തിരഞ്ഞെടുക്കപ്പെട്ടില്ല. അപൂർവ്വമായി മാത്രമേ ഇന്ത്യയിലെ വിജയങ്ങൾ സിലക്ടർമാർക്ക് പ്രാധാന്യമുള്ളതായി തോന്നുകയുള്ളൂ. എന്നിരുന്നാലും ടീമിന് ആശംസകൾ’- തരൂർ എക്സിൽ കുറിച്ചു.കഴിഞ്ഞവർഷം ഡിസംബറിലാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്പരയ്ക്കിറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 78 റൺസിന് വിജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫസ്റ്റ് ഡൗണായെത്തി 114 പന്തുകളിൽ ആറ് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 108 റൺസ് അടിച്ച സഞ്ജുവിന്റെ മികവിൽ 296/8 എന്ന സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 218 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. സമ്മർദ്ദങ്ങളെ അതിജീവിച്ച് സഞ്ജു നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജീവശ്വാസമായി മാറിയത്.