വിശാഖപട്ടണം: ശ്രേയസ് അയ്യർക്ക് പരുക്കേറ്റ സാഹചര്യത്തില്‍ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെയാണ് ജാഫറിന്റെ പരാമർശം. സൂര്യകുമാർ യാദവിനോട് സഹതാപമുണ്ടെന്നും മിച്ചൽ സ്റ്റാർക്കിന്റെ ബോളിങ്ങിനെക്കുറിച്ച് സൂര്യ കണക്കുകൂട്ടേണ്ടതായിരുന്നുവെന്നും വസീം ജാഫർ പറഞ്ഞു.
“ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസണ് അവസരം നൽകുന്നത് മോശം ആശയമല്ല. കാരണം അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹമൊരു നല്ല ക്രിക്കറ്റ് താരമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സൂര്യകുമാർ യാദവിൽ തന്നെ ഉറച്ച് നിൽക്കാനാണ് സാധ്യത,” വസീം ജാഫർ ഒരു കായിക മാധ്യമത്തോട് പറഞ്ഞു.
“രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ആദ്യ ഏകദിനത്തിലെ ഇന്ത്യൻ ബാറ്റിങിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്നാൽ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും രക്ഷയ്ക്കായി അവിടെയുണ്ടായിരുന്നു. രണ്ടാം ഏകദിനത്തിൽ അതുണ്ടായില്ല. മോശം ഷോട്ട് കളിച്ച് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും പുറത്തായി. ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ശരാശരി മാത്രമായിരുന്നു. നിലയുറപ്പിച്ച ശേഷമാണ് വിരാട് കോലി തന്റെ വിക്കറ്റ് കളഞ്ഞത്,” വസീം ജാഫർ പ്രതികരിച്ചു.