പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കും. അതിനിടെ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പേരെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും പാലക്കാട് sp ആർ.വിശ്വനാഥിൻ്റെ നേതൃത്യത്തിലുള്ള സംഘം തുടങ്ങി.
അതിനിടെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എൻഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആർ എസ് എസും ആവശ്യപ്പെടുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കണ്ട് ഇക്കാര്യം ആവശ്യപ്പെടും. പൊലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി അഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യക്ഷ സമരത്തിലേക്ക് ബി ജെ പി പോകുന്നതിന് മുമ്പ് പ്രതികളെ വലയിലാക്കാനാണ് പോലീസ് നീക്കം.
