തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്കു പോയ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് ഫയല്‍ നീങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിജെപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ആണ് തെളിവുകളുമായി രംഗത്തെത്തിയത്.
2018 സെപ്റ്റംബര്‍ 2നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്, ഇരുപതിനു ശേഷമാണ് തിരിച്ചെത്തുന്നത്. എന്നാല്‍, സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ ഫയലില്‍ സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പിട്ടെന്നും പതിമൂന്നിന് ഒപ്പിട്ടു തിരികെ എത്തിച്ചെന്നും ഫയലില്‍ വ്യക്തമാണ്. മലയാള ഭാഷ വാരാചരണം സംബന്ധിച്ച ഒരു ഫയലില്‍ ആണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്.
പിണറായി വിജയന് നേരിട്ട് ഒപ്പിടണമെങ്കില്‍ ചീഫ് സെക്രട്ടറി ഫയലുമായി അമേരിക്കയിലേക്ക് പോകണം. അത്തരത്തില്‍ ഒന്നും നടന്നിട്ടില്ല. ഡിജിറ്റര്‍ സിഗ്നേച്ചറല്ല അതെന്നും ഫയലില്‍ വ്യക്തമാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. അത് ശിവശങ്കറാണോ സ്വപ്ന സുരേഷ് ആണോ എന്ന് വ്യക്തമാക്കണം. ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടു ഫയലുകള്‍ നീങ്ങുതെന്നും പാര്‍ട്ടി അറിഞ്ഞാണോ ഇതെന്നും വ്യക്തമാക്കണെന്നും സന്ദീപ് വാര്യർ ആരോപിക്കുന്നു.