ന്യൂഡൽഹി: മൊബൈൽ ഫോൺ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമായി സഞ്ചാർ സാഥി പോർട്ടൽ. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് നഷ്ടമായ മൊബൈൽ ഫോണുകൾ കണ്ടെത്താനും, അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും സൗകര്യമൊരുക്കുന്ന സഞ്ചാർ സാഥി പോർട്ടൽ കേന്ദ്ര ടെലികോം – ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ചു. പോർട്ടലിലെ ടാഫ്കോപ് ( ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് & കൺസ്യൂമർ പ്രൊട്ടക്ഷൻ) എന്ന മൊഡ്യൂളിൽ ഒരാളിന്റെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയാം. ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ കണക്ഷനുകളെക്കുറിച്ച് ടെലികോം മന്ത്രാലയത്തെ അറിയിക്കാം.
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്താനും വീണ്ടെടുക്കാനും സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) മൊഡ്യൂൾ സഹായിക്കുന്നു. ഇവ ഏത് സേവനദാതാക്കളുടെ നെറ്റ്വർക്കിൽ ഉപയോഗിച്ചാലും പ്രവർത്തനരഹിതമാക്കാം. ഈ ഫോൺ പിന്നീട് ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാനാവില്ല. മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അപ്പോൾ അറിയാം. അത് ഉടൻ ബ്ലോക്ക് ചെയ്യാം.വീണ്ടെടുത്ത ഫോണുകൾ അൺബ്ലോക്ക് ചെയ്യാനും കഴിയും.പോർട്ടലിലെ കെ.വൈ.എം എന്ന മെനു വഴി, തന്റെ പേര് മറ്റാരെങ്കിലും പുതിയ കണക്ഷനുകൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരയാം.
ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് കിട്ടുന്ന ഒ.ടി.പി നമ്പർ നൽകിയാൽ മതി.വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഒന്നിലധികം കണക്ഷനുകൾ എടുക്കുന്നത് തടയാൻ നിർമ്മിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള ആസ്ട്ര എന്ന മൊഡ്യൂളും മന്ത്രി അവതരിപ്പിച്ചു. ആസ്ട്രയുടെ സഹായത്തോടെ 40 ലക്ഷം വ്യാജ കണക്ഷനുകൾ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. ഒരാളുടെ പേരിൽ 5200 കണക്ഷനുകളും വേറൊരാളുടെ പേരിൽ 6900 കണക്ഷനുകളും കണ്ടെത്തി.പുതിയതോ പഴയതോ ആയ ഫോൺ വാങ്ങുമ്പോൾ അത് ഒറിജിനൽ ആണോ എന്ന് പരിശോധിക്കാം. IMEI നമ്പർ നൽകിയാൽ ആ ഫോൺ കരിമ്പട്ടികയിൽ പെടുത്തിയതാണോ, മറ്റാരെങ്കിലും ഉപയോഗിക്കുന്നതാണോ എന്നെല്ലാം അറിയാം.