സാംസങ്ങിൽ വൻ ഡാറ്റ ചോർച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജൻമദിനവും കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജൂലൈ അവസാനത്തോടെ, യുഎസിലെ സാംസങ്ങിൽ നിന്ന് അനുവാദമില്ലാതെ മൂന്നാം കക്ഷി വിവരങ്ങൾ മോഷ്ടിച്ചതായി കമ്പനി ഇമെയിൽ വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഓഗസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ ചില ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടതായും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതായും കമ്പനി പറഞ്ഞു. സംഭവത്തിൽ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനവുമായും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കളുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡ് നമ്പറുകൾ എന്നിവയെ ഡാറ്റ ചോർച്ച ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി.