മുബൈ : നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡയ്ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.
സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്.
ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന്‍ കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.