മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാൻറെ വീടിന് നേരെ വെടിവച്ചത് കൊലപാതകവും പിടിച്ചുപറിയും ശീലമാക്കിയ ഹരിയാനയിലെ ഗ്യാങ്സ്റ്റർ വിശാൽ രാഹുൽ. സംഭവത്തിന് പിന്നാലെ രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാനേതാവ് രോഹിത് ഗോദാരയുടെ ഷൂട്ടറായ വിശാൽ രാഹുലാണ് ദൃശ്യങ്ങളിലുള്ളത്.
സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് പുറത്ത് വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം, ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതൊരു ട്രെയിലർ മാത്രമാണെന്നാണ് പോസ്റ്റിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ വിശാൽ രാഹുൽ ഹരിയാനയിലെ കൊടുംകുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിശാൽ ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടിക്കാലം മുതൽ മോഷണവും പിടിച്ചുപറിയുമുണ്ടായിരുന്നു. കൊലപാതകക്കേസ് വരെ ഇയാളുടെ പേരിലുണ്ട്. ഗുരുഗ്രാമിലും ഡൽഹിയിലുമായി അഞ്ചോളം കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസും ഡൽഹി പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു.