എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
103 കോടി രൂപ നൽകണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട തുക കൈമാറാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവേ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയിട്ടും ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാൽ മാത്രമേ സാമ്പത്തിക സഹായം നൽകൂവെന്നാണ് സർക്കാർ നിലപാടെന്ന് മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.