തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് സജി ചെറിയാൻ. ഭരണഘടനയെ ബഹുമാനിക്കുന്നു. ഭരണഘടനയെ കുറിച്ച് സംസാരിച്ചത് തന്റേതായ ഭാഷയിലും ശൈലിയിലുമാണ്. രാജി തീരുമാനം സ്വതന്ത്രമായ എടുത്തതാണ്. ധാർമികതയുടെ പേരിലാണ് രാജിവെക്കുന്നതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
1959ലെ ഇ.എം.എസ് സർക്കാറിന്റെ പിരിച്ചുവിടൽ, അടിയന്തരാവസ്ഥ, ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കൽ തുടങ്ങി പല വിഷയങ്ങളിലും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപിടിക്കുന്നതിൽ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാറുകളും ഇപ്പോഴുള്ള ബി.ജെ.പി സർക്കാറും പരാജയപ്പെട്ടു. ഇത് തന്റേതായ ശൈലിയിൽ പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിലെ ഏതാനം ഭാഗം അടർത്തി മാറ്റിയാണ് ദുഷ്പ്രചാരണം നടക്കുന്നത്. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ നിയമോപദേശം തേടിയെന്നാണ് അറിയുന്നത്. എന്നാൽ, നിയമോപദേശം ലഭിക്കുന്നതിന് മുമ്പ് തന്നെ രാജിവെക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുക്കുകയായിരുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു.
