കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ദിവ്യ പറഞ്ഞു. ‘മാദ്ധ്യമപ്രവർത്തകരായാലും പൊതുജനങ്ങളായാലും എന്നെ രണ്ട് പതിറ്റാണ്ടുകാലമായി കാണുകയാണ്. കഴിഞ്ഞ 14 വർഷമായി ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടിയുളളവരുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ച് പോകുന്ന വ്യക്തിയാണ് ഞാൻ. സദുദ്ദേശപരമായിട്ട് മാത്രമേ ഞാൻ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുളളൂ. നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയോട് പറയും.
നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു. മരണത്തിൽ കൃത്യമായും അന്വേഷണം നടക്കണം. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- ദിവ്യ പ്രതികരിച്ചു.അതേസമയം, നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സ്ത്രീയെന്ന പരിഗണനയിലാണ് കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണെന്നും പരിഗണിച്ചു. ഇനിയും കസ്റ്റഡിയിൽ വേണം എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു.