തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചതില്‍ വഞ്ചിയൂര്‍ കോടതിക്ക് മുന്പില് സിപിഐഎം പ്രതിഷേധം.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ച കോടതിക്കെതിരേയും ശബരിനാഥനുമെതിരെ ഇന്‍ഡിഗോയ്ക്കെതിരെയുമെല്ലാം സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ശബരിനാഥന് പുറത്തെക്കിറങ്ങിയതോടെ സിപിഐഎം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടുഭാഗങ്ങളിലായി നിലയുറപ്പിച്ചു.

നടുവില്‍ പൊലീസ് നിന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്പില് ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

വാട്സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
